ഷിക്കാഗോ: അമേരിക്കൻ വിമാനക്കമ്പനിയായ യുണൈറ്റഡ് എയർലൈൻസ് ആഭ്യന്തര, രാജ്യാന്തര സർവീസുകളിലെ ചെക്ക്-ഇൻ ലഗേജ് നിരക്കുകൾ വർധിപ്പിച്ചു.
ഏപ്രിൽ മൂന്ന് മുതൽ നിലവിൽ വന്ന പുതിയ നിരക്കുകൾ പ്രകാരം യുഎസ്, മെക്സിക്കോ, കാനഡ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ചെലവേറും.
പുതിയ നിരക്കുകൾ
യാത്രയ്ക്ക് 24 മണിക്കൂറിനുള്ളിൽ പണമടച്ചാൽ: ആദ്യത്തെ ബാഗ് - 50 ഡോളർ (ഏകദേശം 4,150 രൂപ) - 10 ഡോളർ വർധനവ്.
രണ്ടാമത്തെ ബാഗ്: 60 ഡോളർ (ഏകദേശം 5,000 രൂപ) - 10 ഡോളർ വർധനവ്. മൂന്നാമത്തെ ബാഗ്: 200 ഡോളർ (ഏകദേശം 16,600 രൂപ) - 50 ഡോളർ വർധനവ്.
യാത്രയ്ക്ക് മുൻപേ ഓൺലൈനായി പണമടയ്ക്കുന്നവർക്ക് ആദ്യ രണ്ട് ബാഗുകൾക്ക് അഞ്ച് ഡോളർ ഇളവ് ലഭിക്കും (45, 55 ഡോളർ എന്നിങ്ങനെ).
മിലിട്ടറി അംഗങ്ങൾ, പ്രീമിയം കാബിൻ യാത്രക്കാർ, നിശ്ചിത ക്രെഡിറ്റ് കാർഡ് ഉടമകൾ എന്നിവർക്ക് ലഗേജ് സൗജന്യമായിരിക്കും.
ഇന്ധനവില വർധനവും സാമ്പത്തിക അസ്ഥിരതയുമാണ് നിരക്ക് കൂട്ടാൻ കാരണമെന്നാണ് സൂചന. ജെറ്റ് ബ്ലൂ ഉൾപ്പെടെയുള്ള മറ്റ് വിമാനക്കമ്പനികളും അടുത്തിടെ നിരക്കുകൾ വർധിപ്പിച്ചിരുന്നു.